ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മഹാ കുംഭമേളയ്ക്ക് പോകാനായി ആളുകൾ കൂട്ടത്തോടെ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ റെയില്‍വേ ഉന്നതല സമിതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി രണ്ട് അംഗ സമിതിയെ നിയോഗിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ കയറാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സ്വതന്ത്രസേനാനി എക്സ്പ്രസ്, ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകിയെത്തിയതും സ്റ്റേഷനിലെ തിരക്കിന് കാരണമായി. ഇതോടെ 12,13,14 പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണാധീതമായി തിരക്ക് വര്‍ധിക്കുകയായിരുന്നു.
സ്റ്റേഷനില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിരക്കില്‍ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഗവർണർ അറിയിച്ചു. പരിക്കേറ്റവരെ ഡല്‍ഹിയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി പൊലീസ് സംഭവസ്ഥലത്തുണ്ടെന്നും ഗവർണർ വി കെ സക്സേന എക്സിലൂടെ അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
