തിരുവനന്തപുരം: പക്ഷപാതപരമായി പെരുമാറിയെന്ന് കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കത്തയച്ച് എന്‍ പ്രശാന്ത് ഐഎഎസ്. മതാടിത്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ വകുപ്പ് മുന്‍ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തുവെന്നും എന്നാല്‍ ഒരു പരാതി പോലുമില്ലാത്ത തന്നെ പുറത്ത് നിര്‍ത്തുന്നുവെന്നും പ്രശാന്ത് ആരോപിച്ചു. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സംരക്ഷിച്ച ചീഫ് സെക്രട്ടറി തനിക്കെതിരെ നടപടിയെടുത്തത് അനീതിയാണെന്നും അച്ചടക്ക നടപടി തുടരാനാണ് തീരുമാനമെങ്കില്‍ തന്റെ ഭാഗം കേള്‍ക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. താന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യുകയും തത്സമയം സംപ്രേഷണം ചെയ്യുകയും വേണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
‘ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയടക്കം ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ ഉന്നയിച്ച പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് കാട്ടി ചീഫ് സെക്രട്ടറി തള്ളി. ഇരുവര്‍ക്കുമെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ല. മറുവശത്ത്, പരാതി ഇല്ലാതിരുന്നിട്ടും എനിക്കെതിരെ അന്വേഷണം നടത്തി. നീതിപൂര്‍വമായ അന്വേഷണത്തിനു പകരം മുന്‍വിധിയോടെയാണു ചീഫ് സെക്രട്ടറി പ്രവര്‍ത്തിച്ചതെന്നും കത്തില്‍ പറയുന്നു.
