കോട്ടയത്തെ നേഴ്സിങ് കോളജിലെ റാഗിംഗ് അതിക്രൂരമെന്നും സ്പെൻഷനിൽ തീരില്ല പരമാവധി സ്വീകരിക്കാവുന്ന നടപടികൾ എടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതി ക്രൂരവും മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്നതുമായ സംഭവമാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്ന തരത്തിൽ മാതൃകാപരമായ നടപടി ഉണ്ടാകും. സസ്പെൻഷനിൽ തീരേണ്ട കാര്യമല്ല ഇത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികൾ സ്വീകരിക്കും. തെറ്റ് തെറ്റ് തന്നെയാണ്.അതിനെ മറ്റൊരു വിധത്തിലും കാണില്ല ഡി എം ഇയുടെ ഒരു ടീം അവിടെ പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്താൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. റാഗിംഗിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്. നിയമപരമായ നടപടികളിലൂടെ പുറത്താക്കുന്ന കാര്യം ആലോചിക്കും. സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളുടെ റൂമിൽ എന്തിനാണ് പോകുന്നത്. കോട്ടയത്തെ ഹോസ്റ്റലിൽ പരിശോധന നടത്തും. പ്രിൻസിപ്പലിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല, പരാതിപ്പെട്ടില്ല എന്ന് എങ്ങനെയാണ് പറയാൻ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. മോണിറ്ററിംഗ് നടത്തും. ഡിഎംഇ, എഡിഎംഇ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ നടക്കും. പരാതി ലഭിച്ചില്ല എന്നുള്ളത് ഒരു കാരണമല്ല. ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ് ഇവ.സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. റാഗിംഗ് നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണ്ടേ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
