കോഴിക്കോട് : മുത്തൂറ്റ് ഫിനാൻസിന്റെ വടകര ശാഖയിലെ ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. കണ്ണൂർ മട്ടന്നൂർ സ്വദേശിനിയാണ് യുവതി. ഇന്നലെ വൈകിട്ട് നാലരയോട് കൂടിയാണ് സംഭവം. മുടങ്ങിയ വായ്പാ തിരിച്ചടവ് കലക്ഷൻ ഏജൻ്റായ യുവതി ആവശ്യപ്പെട്ടതോടെയാണ് യുവതിയ്ക്ക് നേരെ മർദ്ദനം ഉണ്ടായത്. യുവതിയെ മുടിയിൽ പിടിച്ച് കറക്കുകയും പറമ്പിലേക്ക് തള്ളിയിട്ട് മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തൽ ബിജീഷിനെതിരെ വടകര പൊലീസ് കേസെടുത്തു.
മുത്തൂറ്റ് ഫിനാൻസിന്റെ വടകര ശാഖയിൽ നിന്ന് പ്രതി ബീജിഷ് ഒരു സ്കൂട്ടർ വാങ്ങിയിരുന്നു. എന്നാൽ പിന്നീട് വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇത് സംസാരിക്കാൻ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് വടകര പൊലീസ് കേസെടുത്തത്. വീഡിയോ ദൃശങ്ങൾ സഹിതം സമർപ്പിച്ചുകൊണ്ടാണ് യുവതി പൊലീസിന് പരാതി നൽകിയത്. പ്രതി ബിജീഷ് ഒളിവിലാണ്.
