കോഴിക്കോട്: കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ കൊയിലാണ്ടി നഗരസഭയിലെ ഒമ്പത് വാർഡുകളിൽ ഇന്ന് സംയുക്ത ഹർത്താൽ. ദുഃഖസൂചകമായാണ് ഹർത്താൽ ആചരിക്കുന്നത്. നഗരസഭയിലെ 17,18 വാർഡുകളിലും 25 മുതൽ 31 വരെയുള്ള വാർഡുകളായ കാക്രട്ട്കുന്ന്, അറുവയൽ, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമൽ, കോമത്തകര, കോതമംഗലം എന്നിവിടങ്ങളിലാണ് ഹർത്താൽ.
മരിച്ച മൂന്നു പേരുടേയും പോസ്റ്റുമോർട്ടം നടപടി രാവിലെ എട്ടുമണിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. 29 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.
അതേസമയം ആന ഇടഞ്ഞ സംഭവത്തിൽ ഉത്തര മേഖല സിസിഎഫ് പ്രാഥമിക വിവരം വനംമന്ത്രിക്ക് കൈമാറി. ആന വിരണ്ടത് സ്ഫോടനം കാരണം എന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം വനംമന്ത്രിക്ക് കൈമാറി. ചട്ടം പാലിച്ചില്ല എന്നാണ് പ്രാഥമിക നിഗമനം. എക്സ്പ്ലോസിസ് നിയമ ലംഘനം ഉണ്ടോ എന്ന് വിശദമായി പരിശോധിക്കണമെന്ന നിർദേശവുമുണ്ട്. തുടർച്ചയായി കരിമരുന്ന് പ്രയോഗം നടക്കുന്നതിനിടയിൽ രണ്ട് ആനകൾ മുന്നോട്ട് നീങ്ങുന്നതിനിടെ ഒരാന മറ്റൊന്നിനെ കുത്തുകയായിരുന്നു. പിന്നാലെ ജനങ്ങൾ ചിതറിയോടി.
കൊയിലാണ്ടിയിലെ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോടും ഉത്തരമേഖല സോഷ്യൽ ഫോറസ്ട്രി ചീഫ് കൺസർവേറ്ററോടും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ റവന്യൂ വകുപ്പും ഇന്ന് റിപ്പോർട്ട് സർക്കാരിന് കൈമാറും. കൊയിലാണ്ടി തഹസിൽദാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ രാത്രി തന്നെ അപകടം നടന്ന കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചിരുന്നു.
