കണ്ണൂർ: കൊളവല്ലൂർ പി.ആർ മെമ്മോറിയൽ എച്ച്എസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയെന്ന് പരാതി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സീനിയർ വിദ്യാർത്ഥികളെ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് നിഹാലിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
നിഹാൽ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നിഹാലിന്റെ കയ്യിന്റെ എല്ലിന് പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. നിലത്തിട്ട് ചവിട്ടിയെന്നും മറ്റ് കുട്ടികളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും മുൻപും താൻ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാൽ പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ പരാതി സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു. അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
