തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നൽകി പിണറായി സർക്കാർ. കേസിലെ കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ നൽകി. കെസി രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമാണ് പരോൾ ലഭിച്ചത്.
ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ ലഭിച്ചു. ടികെ രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം, എംസി അനൂപ് 900 ദിവസം, ഷിനോജിന് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോൾ ലഭിച്ചത്. പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോൾ ലഭിച്ചു.
നിയമസഭയിൽ കോൺഗ്രസ് നേതാവ് തിരുവഞ്ചൂരിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിൻ്റെ കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് മുഖ്യമന്ത്രിയോട് ടിപി കേസ് പ്രതികൾക്ക് എത്ര ദിവസം പരോൾ നൽകി, എന്ത് ആവശ്യത്തിനാണ് നൽകിയത്, ആരുടെ നിർദേശ പ്രകാരമാണ് പരോൾ നൽകിയത് എന്ന് തിരുവഞ്ചൂർ ചോദിച്ചത്.
