കോഴിക്കോട്: തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്റെ അനാസ്ഥ ഗുരുതരമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ ഇപ്പോഴും പര്യാപ്തമായ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നത് ദൗർഭാഗ്യകരമാണെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയുന്നതിനായി അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻസിപിയുടെ രാഷ്ട്രീയ വിശദീകരണ യാത്രയുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുസംബന്ധിച്ച സർക്കാരിന്റെ അനാസ്ഥ ജനങ്ങളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നു. ആർക്കോ വേണ്ടി പ്രവർത്തിക്കുന്ന വകുപ്പായി വനം വകുപ്പ് മാറിയിരിക്കുന്നു. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തി സർക്കാരിന്റെ ഭാഗമായി മന്ത്രിസഭയിൽ തുടരുന്നു എന്നതല്ലാതെ എ കെ ശശീന്ദ്രന് യാതൊരു റോളുമില്ല. വയനാട്ടിൽ വന്യജീവി ആക്രമണം രൂക്ഷമായി നടക്കുമ്പോഴും കാര്യങ്ങളെ ഉത്തരവാദിത്വബോധമില്ലാതെ നോക്കിക്കാണുകയാണ് മന്ത്രി. വന്യജീവി അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ ഓടിനടന്ന് നഷ്ടപരിഹാരം കൊടുക്കുന്ന പ്രവർത്തി മാത്രമാണ് വനം വകുപ്പ് നടത്തുന്നത്. അതിന് അപ്പുറത്തേക്ക് ശാശ്വത പരിഹാരങ്ങൾക്ക് വന വകുപ്പോ സർക്കാരോ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫെബ്രുവരി 11 ന് കാസർകോഡ് നിന്നും ആരംഭിച്ച രാഷ്ട്രീയ വിശദീകരണ യാത്ര സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച് ഫെബ്രുവരി 17ന് വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും. യാത്രയ്ക്കിടയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായി എൻ എ മുഹമ്മദ് കുട്ടി കൂടിക്കാഴ്ച നടത്തും. നാളെ മലപ്പുറം, പാലക്കാട് ജില്ലകളിലും ഫെബ്രുവരി 14 ന് തൃശ്ശൂർ, എറണാകുളം ജില്ലകളിലും 15ന് കോട്ടയം, ആലപ്പുഴ ജില്ലകളിലും 16ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 17ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലും യാത്ര പര്യടനം നടത്തും. ഒരേ സമയം തന്നെ വ്യത്യസ്തമായ മൂന്ന് വഴികളിലൂടെയാണ് പ്രചാരണ യാത്ര തിരുവനന്തപുരത്തേക്ക് എത്തുക. ദേശീയ പാത, തീരദേശ, മലയോര റോഡുകളിലൂടെയാണ് യാത്ര സഞ്ചരിക്കുക. തുടർന്ന് എൻസിപിയുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. കേരളം മാറും, മാറിയേ തീരൂ.. ആര് മാറ്റും…? എന്ന ചോദ്യം ഉയർത്തിയാണ് രാഷ്ട്രീയ വിശദീകരണ യാത്രയും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുക.
