ആലപ്പുഴ: വീടിന്റെ മുന്നിലൂടെ ‘മീനേ മീനേ’ എന്ന് വിളിച്ചുപറഞ്ഞ് പോയ കച്ചവടക്കാരനെ യുവാവ് പട്ടികകൊണ്ട് ആക്രമിച്ചു. ആലപ്പുഴ മുനിസിപ്പൽ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ ഷെരീഫിന്റെ മകൻ സിറാജാണ്( 27) പിടിയിലായത്. സൈക്കിളിൽ മീൻ കച്ചവടം നടത്തുന്ന കുതിരപ്പന്തി വാർഡ് വെളിയിൽ വീട്ടിൽ ബഷീറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡിലൂടെ ‘മീനേ മീനേ’ എന്ന് ഉച്ചത്തിൽ വിളിച്ച് വിൽപ്പന നടത്തുന്നതിലെ അനിഷ്ടമാണ് ആക്രമണത്തിന് കാരണമായത്. മീൻകച്ചവടക്കാർ ഉച്ചത്തിൽ കൂവി വിളിക്കുന്നതു കാരണം തനിക്ക് ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ നിന്നും ശ്രദ്ധ തിരിയുന്നു എന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പറഞ്ഞത്. എന്നാൽ, ഇയാൾക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.പിന്നീട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
