തിരുവനന്തപുരം – തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിന്റെ സുഹൃത്തുമായുള്ള അടുപ്പത്തിന്റെ പേരിലാണ് തട്ടികൊണ്ടുപോകല്‍ എന്നാണ് സൂചന. പ്രതികള്‍ കോമ്പസ് ഉപയോഗിച്ച് തട്ടികൊണ്ടുപോയ വിദ്യാർത്ഥിയെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ശ്രീജിത് (23), അഭിരാജ് (20), അഭിറാം (23), അശ്വിന് ദേവന് (20) എന്നിവരാണ് പിടിയിലായത്. ഇതില്‍ അഭിരാജ് , അഭിറാം എന്നിവര്‍ സഹോദരങ്ങളാണ്.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയത്. കാറിലെത്തിയ നാലംഗ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.കുട്ടിയെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അസഭ്യവര്‍ഷമായിരുന്നു ഫലം. പൊലീസ് ഫോണില്‍ സംസാരിച്ചപ്പോഴും സമാന അനുഭവമായിരുന്നു. ഇതിന് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു.
ശേഷം 10 മണിയോടെ ആറ്റിങ്ങലിന് സമീപം കീഴാറ്റിങ്ങലിലുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ ഇന്നലെ തന്നെ പിടികൂടിയിരുന്നു. ലഹരി സംഘമാണോ തട്ടികൊണ്ടുപോകലിന് പിന്നിലെന്ന സംശയത്തിലായിരുന്നു പൊലീസ്.
