സിഎസ്ആർ ഫണ്ട് പകുതി വില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രനെതിരെ ബാലുശ്ശേരിയിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്തു. യങ് മാൻ സ്പോർട്സ് ക്ലബ്, കാന്തപുരം മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവർ നൽകിയ പരാതിയിലാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രനെതിരെ കേസ് എടുത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎൻ രാമചന്ദ്രൻ. എൻജിഒ കോൺഫെഡറേഷൻ രക്ഷാധികാരി എന്ന നിലയിലാണ് കേസെടുത്തത്. ആനന്ദ് കുമാർ, അനന്തു കൃഷ്ണൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.
നടത്തിപ്പ് ഏജൻസിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പൊലീസും കഴിഞ്ഞദിവസം സി എൻ രാമചന്ദ്രനെതിരെ കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിത 318(4), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അതേസമയം സഹായം നൽകുന്ന സംഘടനയായതുകൊണ്ടാണ് എൻജിഒ ഫെഡറേഷന്റെ ഉപദേശകസ്ഥാനം സ്വീകരിച്ചതെന്നാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചത്. ഉപദേശകനായി ആനന്ദ് കുമാർ ക്ഷണിച്ചു. ചാരിറ്റി സംഘടനയായതിനാൽ ക്ഷണം സ്വീകരിച്ചു. സ്കൂട്ടറിനായി പണം പിരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഉപദേശക സ്ഥാനത്ത് നിന്നും തന്റെ പേര് നീക്കണണെന്ന് ആനന്ദ് കുമാറിനോട് പറഞ്ഞിരുന്നുവെന്നുമാണ് സി എൻ രാമചന്ദ്രൻ പ്രതികരിച്ചത്.
