കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി ജോളി മധു മരിച്ചു. ക്യാന്‍സര്‍ അതിജീവിതയായ ജോളി മധു സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന് നിലനിര്‍ത്തുകയായിരുന്നു. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. അവശേഷിക്കുന്നത് മൂന്നുവര്‍ഷത്തെ സര്‍വീസ് മാത്രമായിരുന്നിട്ടും പ്രതികാര നടപടിയായി ആന്ധ്രയിലേക്ക് സ്ഥലം മാറ്റി. രോഗിയാണെന്ന പരിഗണന പോലും നല്‍കിയില്ല. ഇത് ഇവരെ മാനസികമായി തകര്‍ത്തിരുന്നു എന്നും കുടുംബം ആരോപിച്ചു. കൊച്ചി ഓഫീസ് മേധാവികള്‍ക്കെതിരെയാണ് ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചത്.
ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റെ പേരിലും പ്രതികാര നടപടികള്‍ ഉണ്ടായി. ശബളവും പ്രമോഷനും തടഞ്ഞുവെച്ചു. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തില്ല. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു. കയര്‍ ബോര്‍ഡ് ഓഫീസ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
