വടകരയില്‍ കാറിടിച്ച് ഒമ്പത് വയസുകാരി കോമയില്‍ ആയ സംഭവത്തില്‍ പ്രതി പുറമേരി സ്വദേശി ഷെജീലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. 2024 ഫെബ്രുവരി 17 നായിരുന്നു സംഭവം. ബന്ധുവീട്ടിലേക്ക് പോകുന്നതിനായി ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകരയ്ക്ക് സമീപം ചോറോട് വെച്ച് കുട്ടിയേയും അമ്മൂമ്മയേയും ഷെജിലിന്റെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഷെജീലിന്റെ കാര്‍ നിര്‍ത്താതെ പോകുകയും പരിക്കേറ്റ മുത്തശ്ശി ബേബി മരിക്കുകയും ചെയ്തിരുന്നു. പിന്നാലെ മാര്‍ച്ച് 14 ന് പ്രതി വിദേശത്തേക്ക് കടന്നിരുന്നു.
അപകടം നടക്കുമ്പോള്‍ ഷെജീലിന്റെ കുടുംബവും കാറില്‍ ഉണ്ടായിരുന്നു. പിന്‍സീറ്റില്‍ ആയിരുന്ന കുട്ടികള്‍ മുന്‍പിലേക്ക് ഇരിക്കണമെന്ന് വാശി പിടിച്ച സമയത്താണ് അപകടം ഉണ്ടായതെന്നാണ് സംഭവത്തിൽ പൊലീസ് വിശദീകരിച്ചത്. അപകടം നടന്ന് പത്ത് മാസത്തിന് ശേഷമാണ് കാര്‍ കണ്ടെത്തുന്നത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പുറമെ വ്യാജതെളിവ് ഉണ്ടാക്കി ഇന്‍ഷൂറന്‍സ് തുക തട്ടിയെന്ന കേസും ഷെജീലിനെതിരെയുണ്ട്.
