ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ അട്ടിമറി വിജയത്തോടെ ബിജെപി രാജ്യത്ത് എതിരാളികൾ ഇല്ലാത്ത പ്രസ്ഥാനമായി മാറിയിരിക്കുന്നു. തളർത്തുവാനും തകർക്കുവാനും ശ്രമിച്ചവരുടെ മുന്നിലായിരുന്നു ഡൽഹിയിലെ ബിജെപിയുടെ ഇന്നത്തെ ആധികാരിക വിജയം. 28 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ ഭരണം തിരിച്ചുപിടിച്ചതിന് പിന്നിൽ ഏറനാളത്തെ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. എഎപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പതിനെട്ടടവും പയറ്റുന്ന ബിജെപിയെയാണ് ഇക്കുറി തുടക്കം മുതൽ കണ്ടത്. യമുനയും രാമായണവുമടക്കം വിഷയങ്ങൾ അതിവിദഗ്ദമായാണ് ബിജെപി കൈകാര്യം ചെയ്തത്. ഇതിനിടെയാണ് എ.എ.പി എം എൽ എ മാരുടെ കൂട്ട രാജി. അതും നേട്ടമാക്കാൻ ബിജെപിക്ക് സാധിച്ചു. മധ്യവർഗക്കാർ തിങ്ങി പാർക്കുന്ന ഡൽഹിയിൽ ഇത്തവണത്തെ കേന്ദ്ര ബജറ്റും വലിയ സ്വാധീനം ചെലുത്തി. മുമ്പെങ്ങും ഇല്ലാത്ത വിധം ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം അരവിന്ദ് കെജ്രിവാളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വനവാസകാലത്ത് സീതയെ തട്ടിക്കൊണ്ടുപോകാൻ രാവണൻ അയച്ച സ്വർണ മാനിനെപ്പോലെയാണ് ബിജെപിയെന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിമർശനം. എന്നാൽ ഈ ആരോപണത്തെ മറികടക്കാൻ ബിജെപി സ്വീകരിച്ച മാർഗം വ്യത്യസ്തമായിരുന്നു. രാമായണത്തെ കെജ്രിവാൾ അവഹേളിച്ചെന്ന കുറ്റപ്പെടുത്തലുമായി എത്തി കെജ്രിവാളിന്റെ ഹിന്ദുവിരുദ്ധത തുറന്നു കാട്ടുകയായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ മണ്ഡലമായ ന്യൂഡൽഹിയിൽ ബിജെപി സ്ഥാനാർഥി പർവേഷ് വർമ പഞ്ചാബികളെ അപമാനിച്ചെനായിരുന്നു മറ്റൊരു ആരോപണം. എന്നാൽ അതിനും ശക്തമായ മറുപടി നൽകി. പഞ്ചാബിൽ നിന്നും വന്ന എഎപി നേതാക്കളുടെ അധികാര ദുർവിനിയോഗത്തെയാണ് വിമർശിച്ചതെന്ന് വോട്ടർമാരെ പറഞ്ഞ് മനസിലാക്കാൻ ബിജെപിക്കായി. ഹരിയാന യമുനാനദിയിൽ വ്യവസായ മാലിന്യം തള്ളുന്നെന്നും അമോണിയ കലർത്തുന്നു എന്നുമായിരുന്നു എഎപി തൊടുത്തുവിട്ട വേറൊരു ആരോപണം. യമുന വിവാദത്തിന് തിരികൊളുത്തിയത് മുഖ്യമന്ത്രി അതിഷിയായിരുന്നു. വെള്ളത്തിൽ വിഷം കലർത്തി ഡൽഹിക്കാരെ കൊല്ലാനുള്ള നീക്കമാണ് ഹരിയാണയിലെ ബിജെപി നടത്തുന്നതെന്ന് കെജ്രിവാൾ കൂടി പറഞ്ഞതോടെ വിവാദം ആളിക്കത്തി. യമുന വൃത്തിയാക്കുമെന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തി 2020ൽ അധികാരത്തിലേറിയ ആം ആദ്മി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ബിജെപി തിരിച്ചടിച്ചു. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ 18 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ എട്ട് പേരെ ബിജെപിയിലേക്ക് എത്തിക്കാൻ സാധിച്ചതും രാജീവിന്റെ മിടുക്ക് തന്നെ. എഎപി ജനങ്ങളിൽ നിന്ന് അകന്നെന്നും പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചെന്നും രാജിവെച്ചവർ പറഞ്ഞതോടെ ആപ്പിന്റെ ഭരണമോഹങ്ങൾക്ക് അവസാനമായി. മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രികയുമായാണ് ആം ആദ്മി പാർട്ടി ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കേന്ദ്ര ബജറ്റിൽ ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള വമ്പൻ പ്രഖ്യാപനം വന്നതോടെ അക്കാര്യത്തിലും തീരുമാനമായി. രാജ്യത്തെ മധ്യവർഗക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ചാണ് അരവിന്ദ് കെജ്രിവാൾ ഇക്കുറി പ്രകടന പത്രികയിറക്കിയത്. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവ് നൽകിയാണ് ഇതിനെ നേരിട്ടത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട എന്ന പ്രഖ്യാപനം വന്നതോടെ അരവിന്ദ് കെജ്രിവാളിന്റെ പ്രകടന പത്രിക ആവിയായി. എന്തായാലും വമ്പൻ ജയത്തോടെ ബിജെപി അധികാരത്തിലെത്തി. വിജയത്തിന്റെ കരുത്തോടെ ദേശീയ രാഷ്ട്രീയത്തിൽ ഇനി കൂടുതൽ തിളങ്ങുക തന്നെ ചെയ്യും.
