ഒടുവില്‍ എ.എ.പിക്ക് അടിതെറ്റി. ഇന്ദ്രപ്രസ്ഥത്തിലേക്ക് ബി.ജെ.പിയുടെ തിരിച്ചുവരവ്. സര്‍വ്വസന്നാഹങ്ങളുമായി കളത്തിലിറങ്ങിയ ബി.ജെ.പിയുടെ കൗണ്ടര്‍ അറ്റാക്കിന് മുന്നില്‍ എ.എ.പിക്ക് പിടിച്ചുനില്‍ക്കാനായില്ല. എ.എ.പിയുടെ നായകൻ കെജ്രിവാളടക്കം വീണതോടെ എ.എ.പി പതനം പൂർണം. ഒരുപതിറ്റാണ്ടോളംനീണ്ട എ.എ.പി ഭരണത്തിന് വിരാമം. 2015 ല്‍ മൂന്ന് സീറ്റും 2020 ല്‍ എട്ട് സീറ്റുകളും മാത്രം നേടാനായ ബി.ജെ.പി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചെത്തുന്നു. ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തുന്നത് ആധികാരിക വിജയത്തോടെ. എട്ടില്‍ നിന്ന് 48 ലേക്കുള്ള കുതിപ്പ്. അഴിമതിക്കെതിരെ ചൂലുമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ അരവിന്ദ് കെജ്രിവാളിന്റെയും എ.എ.പിയുടെയും രാഷ്ട്രീയഭാവിയും ചോദ്യചിഹ്നമാണ്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡല്‍ഹിയിൽ കണ്ടത്. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും ആം ആദ്മിയുടെ നെഞ്ചിടിപ്പേറി. ആദ്യ ഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കള്‍ പിന്നിലായി. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി കുതിപ്പ് നടത്തിയതോടെ ഡൽഹിയിലെ ചിത്രം തെളിഞ്ഞുവന്നു. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആരംഭത്തില്‍ കണ്ടത്. ദക്ഷിണ ഡല്‍ഹിയിലെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. പ്രമുഖ നേതാക്കൾക്ക് കാലിടറി തുടങ്ങിയതോടെ എ.എ.പി കനത്ത തിരിച്ചടി ഏറ്റുവാങ്ങി. അധികാരത്തിലേക്ക് ബി.ജെ.പിയുടെ ചുവട്.
2020-ല്‍ 62 സീറ്റുനേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചത്. 2015-ല്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് ബി.ജെ.പിയുടെ മൂന്ന് എം.എല്‍.എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടുതവണയും നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം പൂജ്യമായിരുന്നു. ഇത്തവണ 45-ലധികം സീറ്റുകൾ നേടിയാണ് ബി.ജെ.പി ഡൽഹിയുടെ മണ്ണിൽ ആധിപത്യം ഉറപ്പിച്ചത്. വൻ തിരിച്ചുവരവാണ് ബി.ജെ.പി നടത്തിയത്. ശമ്പളപരിഷ്കരണവും ബജറ്റിലെ ചരിത്രപ്രഖ്യാപനങ്ങളും കൊണ്ട് ബി.ജെ.പി നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടു. എ.എ.പി കോട്ടകൾ പൊളിഞ്ഞുവീണത് ഇതിന് സാക്ഷ്യവുമാണ്.നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
