സാധാരണക്കാർക്ക് ആശ്വാസമാകുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ വർധനവോ പുതിയ സാമൂഹിക പദ്ധതികളോ ഇല്ലാതെ സംസ്ഥാന ബജറ്റ്. ആകാംഷയോടെ ജനങ്ങൾ പ്രതീക്ഷിച്ചിരുന്ന പെൻഷൻ വർധനവ് ഉണ്ടായില്ലെങ്കിലും ക്ഷേമ പെൻഷൻ്റെ മൂന്ന് മാസത്തെ കുടിശ്ശിക തീർക്കുമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയിലെ അനർഹരെ കണ്ടെത്തും. ഇതിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് മണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗത്തിൽ 1,52,352 കോടി റവന്യൂ വരുമാനവും 1,79,476 കോടി റവന്യൂ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
ബജറ്റിൽ വയനാട് ദുരന്തബാധിതരെ ചേർത്ത് നിർത്തി. മുണ്ടക്കൈ-ചൂരൽമലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി ആദ്യഘട്ടമായി അനുവദിച്ചു. സിഎംഡിആർഎഫ് , സിഎസ്ആർ, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയിൽ നിന്നുളള ഫണ്ട്, സ്പോൺസർഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും. അധികമായി ആവശ്യമായ ഫണ്ട് നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.
സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷമുണ്ടാകും. ജീവനക്കാരുടെ ഡിഎ ലോക്കിങ്ങ് സിസ്റ്റം ഒഴിവാക്കി. സർവ്വീസ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ 600 കോടിയും ബജറ്റിൽ പ്രഖ്യാപിച്ചു. പരമ്പരാഗത തൊഴിൽ മേഖലയ്ക്ക് 100 കോടി, പട്ടികജാതി വികസനത്തിന് 3236.85 കോടി, പട്ടികജാതി വികസന വകുപ്പിന് 1801.60 കോടി, തദ്ദേശ സ്ഥാപനങ്ങൾക്ക് 1435 കോടിയും ഉൾപ്പെടെയാണ് 3236.85 കോടി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികജാതി വിദ്യാർത്ഥികൾക്കുളള സഹായപദ്ധതിയ്ക്ക് 242 കോടിയും മുന്നോക്ക സമുദായ കോർപ്പറേഷന് 38 കോടിയും അനുവദിച്ചു. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിൻ്റെ പ്രാരംഭ പ്രവർത്തനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു. വിദേശ രാജ്യങ്ങളിൽ ലോകകേരള കേന്ദ്രങ്ങൾ സ്ഥാപിക്കും.
ബജറ്റ് പ്രഖ്യാപനത്തിൽ ഭൂനികുതി കുത്തനെ കൂട്ടിയിട്ടുണ്ട്. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് (2.47 സെന്റ്) അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും. മുനിസിപ്പൽ കൗൺസിൽ പ്രദേശങ്ങളിൽ 2.43 ആർ വരെയുള്ള ഭൂമിക്ക് 10 രൂപ നിരക്കിലായിരുന്നത് ഇനി മുതൽ 15 രൂപയായിരിക്കും നികുതി. 2.43 ആറിന് മുകളിലുള്ള ഭൂമിക്ക് 15 രൂപയായിരുന്നത് ഇനി മുതൽ 22.50 രൂപാ നിരക്കിലായിരിക്കും. മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ 1.62 ആർ വരെയുള്ള ഭൂമിക്ക് 20 രൂപയായിരുന്നത് 30 രൂപയായിട്ടും, 1.62 ആറിന് മുകളിലുള്ള ഭൂമിക്ക് 30 രൂപയായിരിക്കുന്ന നിരക്ക് 45 രൂപയായിട്ടുമായിരിക്കും കൂട്ടുക.
