തങ്ങളെ സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായ ഭിന്നതല്ലെന്നും തങ്ങളുടെ പാർട്ടിയിൽ ഒരു ബോംബും ഇല്ലെന്നും ബോംബുളളത് സിപിഐഎമ്മിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരത്ത് നോർക്കയുടെ ആഭിമുഖ്യത്തിൽ നടന്ന വ്യവസായി രവി പിളളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അഭിപ്രായപ്രകടനങ്ങളുണ്ടായത്. ചടങ്ങിൽ സ്വാഗത പ്രാസംഗികനായ ഡോ. ജി രാജ്മോഹൻ അടുത്ത മുഖ്യമന്ത്രിയായി ചെന്നിത്തല വരട്ടെ എന്ന് ആശംസിച്ചിരുന്നു. സ്വാഗത പ്രാസംഗികൻ ഒരു പാർട്ടിക്ക് അകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നും ഞാൻ ആ പാർട്ടിക്കാരൻ അല്ലെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ, ഇങ്ങനെയൊരു കൊടുംചതി ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്നേഹപൂർവം ഉപദേശിക്കാനുളളതെന്നായിരുന്നു ചടങ്ങിലെ ഉദ്ഘാടകനായ മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തിന് എതിരെയാണ് ഇപ്പോൾ രമേഷ് ചെന്നിത്തല പ്രതികരിച്ചിരിക്കുന്നത്.
സർക്കാർ എലപ്പുളളിയിൽ മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകാനുള്ള നീക്കം ചെറുക്കുമെന്നും സർക്കാർ തന്നെയാണ് ഒയാസിസ് കമ്പനിയെ ക്ഷണിച്ചത്. ഇക്കാര്യത്തിൽ ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
