സിഎസ്ആര്‍ ഫണ്ട് പകുതി വില തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അഞ്ച് ദിവസത്തേക്ക് നൽകിയ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളാണ് അനന്തുവിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിയ പണം എവിടെ നിക്ഷേപിച്ചെന്നും തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്.
തട്ടിപ്പ് പണം ഉപയോഗിച്ച് കര്‍ണാടകയില്‍ മുന്തിരിത്തോട്ടം, പാലക്കാട് അമ്മയുടെ പേരില്‍ തെങ്ങിന്‍തോപ്പും പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും തുടങ്ങി കോടികളുടെ ഭൂസ്വത്തുക്കളാണ് പ്രതി അനന്തുകൃഷ്ണന് വാങ്ങിക്കൂട്ടിയത്. സഹോദരിയുടെയും അമ്മയുടെയും പേരില്‍ വീടിനടുത്ത് കോടികളുടെ ഭൂമിയും വാങ്ങിയിട്ടുണ്ട്. സഹോദരിയുടെ വീടിനു മുന്നില്‍ 13 സെന്റ്, സമീപത്ത് ഒരേക്കര്‍ റബര്‍തോട്ടം, 50 സെന്റ് വസ്തു എന്നിവ വാങ്ങി. സെന്റിന് നാല് ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ വിലയുള്ള ഭൂമിയാണ് വാങ്ങിയത്. ഈ ഭൂമിയെല്ലാം കണ്ടുകെട്ടാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. അനന്തു കൃഷ്ണന്റെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന് എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. ഇതിനായി രൂപീകരിച്ച ട്രസ്റ്റില്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ ബീന സെബാസ്റ്റ്യന്‍, ട്രസ്റ്റ് അംഗങ്ങളായ അനന്തു കൃഷ്ണന്, ഷീബാ സുരേഷ് ആനന്ദ് കുമാര്‍, ജയകുമാരന്‍ നായര്‍ എന്നിങ്ങനെ 5 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. തട്ടിപ്പിനായി സംസ്ഥാനതൊട്ടാകെ രൂപീകരിച്ചത് 2500 എന്‍ ജി ഒ കളെന്നും പൊലീസ് കണ്ടെത്തലുണ്ട്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്.
