അമേരിക്കയിൽ നിന്നും പുറത്താക്കിയ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ യുദ്ധ വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. യു എസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനതാവളത്തിൽ ഇറങ്ങിയത്. വിമാനത്തിൽ വന്നവർക്ക് എല്ലാ സഹായവും നൽകുമെന്നും ഇവർക്കായി പ്രത്യേക കൗണ്ടർ വിമാനത്താവളത്തിൽ തുറന്നിട്ടുണ്ടെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. അതേസമയം ഇന്ത്യൻ കുടിയേറ്റക്കാരെ കൈവിലങ്ങ് അണിയിച്ച് അമേരിക്ക നാടുകടത്തി എന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തിലിനാണ് ട്രംപ് ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. രേഖകൾ ഇല്ലാതെ അമേരിക്കയിൽ തുടരുന്ന വിദേശ പൗരൻമാരെ കുടിയൊഴിപ്പിക്കും എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ മടക്കി അയക്കാനുള്ള ഇന്ത്യക്കാരുടെ പട്ടിക അമേരിക്ക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് തന്നെ നാടുകടത്തും. ഇതിൻ്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുളള കുടിയേറ്റക്കാരെ മടക്കി അയച്ചത്. ഇന്ത്യയ്ക്ക് പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നിലവിൽ നാടുകടത്തുന്നത്.
