സ്ത്രീകൾക്ക് പകുതി വിലയ്ക്ക് വാഹനം വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്സെന്റിനെയും പൊലീസ് പ്രതി ചേര്‍ത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസിലാണ് അനന്തുവിന്റെ നിയമോപദേഷ്ടാവും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സന്റിനെ ഏഴാം പ്രതിയാക്കിയത്. നാഷണല്‍ എന്‍ജിഒ ഫെഡറേഷന് എന്ന സംഘടനയുടെ നാഷണല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ സംസ്ഥാനത്താകെ അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയ കേസിന്റെ ഭാഗമായാണ് ലാലി വിൻസെന്റിനെയും പ്രതി ചേർത്തിരിക്കുന്നത്. സ്ത്രീകൾക്ക് പകുതിവിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്യുകയും വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് അഭിഭാഷക എന്ന നിലയില്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്നും തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് ലാലി വിന്‍സെന്റിന്റെ വിശദീകരണം. അനന്തു കേസിൽ ബലിയാടായതാണെന്നും നിയമോപദേശം താൻ നൽകിയിരുന്നുവെന്നും സാമ്പത്തിക ഇടപാടുകളിൽ ബന്ധമില്ലെന്നും ലാലി വിന്‍സെന്റ് പ്രതികരിച്ചു. അനന്തു തനിക്ക് മകനെ പോലെയാണെന്നും തന്നെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായിട്ടായിരിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.
മൂവാറ്റുപുഴ പൊലീസ് എടുത്ത തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന് അറസ്റ്റിലായതിനു പിന്നാലെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് കൂടുതൽ പേര് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 2000ത്തോളം പരാതികളും ഇടുക്കിയിൽ 342 പരാതികളും ഇതുവരെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലും വയനാട്ടിലും സമാനമായ പരാതിയുമായി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ ജില്ലകളിലുള്ളവര്‍ തട്ടിപ്പിന് ഇരയായതായുള്ള വെളിപ്പെടുത്തലുകളും ഇതിനോടകം പുറത്തുവന്നു.
