വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്ന ഇവരെ പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്.
അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങും വഴി വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം തല്ലിയോടിക്കുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ചതെന്നും എന്താണ് കാരണമെന്ന് ചോദിച്ചിട്ട് മറുപടി പോലും തരാതെ പൊലീസ് മർദിക്കുകയായിരുന്നുവെന്നും പരിക്കേറ്റവർ പറയുന്നു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയതെന്നും ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിച്ചു. പരിക്കേറ്റവരുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി.
