സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും എം വി ജയരാജൻ തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 11 പേരെ പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. മാധ്യമപ്രവർത്തകനായിരുന്ന എം വി നികേഷ് കുമാർ, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി.
മൂന്നാം തവണയാണ് ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറിയായ പി ജയരാജൻ മത്സരിച്ചതിനെ തുടർന്നാണ് എം വി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. പിന്നീട് 2021-ൽ ജില്ലാ സമ്മേളനത്തിൽ ജയരാജൻ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
എടക്കാട് മണ്ഡലത്തിൽനിന്ന് രണ്ടുതവണ എംഎൽഎയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവർത്തനം നടത്തി. പരിയാരം സഹകരണ മെഡിക്കൽ കോളേജ് ചെയർമാനുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ എം വി ജയരാജൻ സിഐടിയുവിൻ്റെ കേന്ദ്രപ്രവർത്തക സമിതി അംഗവുമാണ്.
