ഇരുചക്രവാഹന രംഗത്ത് സിഎൻജിയിൽ പ്രവർത്തിക്കുന്ന ഏക മോട്ടോർസൈക്കിളാണ് ബജാജ് ഫ്രീഡം 125. ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ജനങ്ങൾക്കിടയിൽ വലിയ സ്വീകര്യത നേടാൻ വണ്ടിക്ക് കഴിഞ്ഞു. ഓഗസ്റ്റ് 2024-ൽ വിതരണം ആരംഭിച്ച ഈ ബൈക്ക് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇപ്പോൾ 40,000 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചതായാണ് ബജാജ് അറിയിച്ചിരിക്കുന്നത്. ബൈക്കിന്റെ തുടക്കം വളരെ മികച്ചതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ. ഉപയോക്താക്കൾക്ക് ഇന്ധനച്ചെലവ് ലാഭിക്കാനും, സിഎൻജി ഉപയോഗിച്ച് 300 കിലോമീറ്ററിന് മുകളിൽ റേഞ്ച് ഉറപ്പാക്കാനും ബൈക്കിന് കഴിയുന്നതായി അദ്ദേഹം വ്യക്തമാക്കി. 125 സിസി ഡ്യുവൽ ഫ്യുവൽ എഞ്ചിനാണ് ഫ്രീഡം 125-ൽ ഉപയോഗിച്ചിരിക്കുന്നത്. പെട്രോൾ-സിഎൻജി ഇന്ധന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ മോട്ടോർസൈക്കിളാണിത്. 2 ലിറ്റർ പെട്രോൾ ടാങ്കിനൊപ്പം 2 കിലോ സിഎൻജി ടാങ്കും ബൈക്കിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫുൾ ടാങ്ക് സിഎൻജിയിൽ 217 കിലോമീറ്ററും പെട്രോളിൽ 106 കിലോമീറ്ററും സഞ്ചരിക്കാൻ ബൈക്കിന് കഴിയും. രണ്ടു ഇന്ധനങ്ങൾ ചേർന്ന് 330 കിലോമീറ്റർ റേഞ്ച് ബൈക്കിന് ഉറപ്പാക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യുവാക്കളെയും കുടുംബപ്രവർത്തകരെയും ഒരുപോലെ ഉദ്ദേശിച്ചാണ് കമ്പനി ബൈക്കിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഡിസ്പ്ലേ, എൽഇഡി ലൈറ്റുകൾ എന്നിവ ബൈക്കിന്റെ പ്രധാന ആകർഷണങ്ങളാണ്. 148 കിലോഗ്രാമുള്ള ബൈക്കിന് മികച്ച ഹാൻഡിലിംഗും വേഗതയിലെ മികച്ച സ്ഥിരതയും നൽകാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബജാജ് ഫ്രീഡം 125 ന്റെ എക്സ്-ഷോറൂം പ്രാരംഭ വില 95,000 രൂപയാണ്. ഡ്രം, ഡ്രം എൽഇഡി, ഡിസ്ക് എൽഇഡി എന്നീ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് ലഭ്യമാകുന്നത്. ഡ്രം വേരിയന്റിന്റെ എക്സ്-ഷോറൂം വില 95,000 രൂപ, ഡ്രം എൽഇഡിക്ക് 1,05,000 രൂപ, ഡിസ്ക് എൽഇഡിക്ക് 1,10,000 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഇന്ധന ചെലവ് കുറയ്ക്കുന്നതിനൊപ്പം മികച്ച മൈലേജും വിശ്വാസ്യതയും നൽകുന്ന ബജാജ് ഫ്രീഡം 125, ഉപഭോക്താക്കളുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ്. ഈ മോട്ടോർസൈക്കിള്‍ വിപണിയിൽ സിഎൻജി സെഗ്മന്റിന്റെ ഭാവി പ്രതീക്ഷകൾ ഉയർത്തുന്നു.
