തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. ഇതൊരു സാധാരണ രാഷ്ട്രീയ ആരോപണമല്ലെന്നും ജനാധിപത്യ വ്യവസ്ഥയെ തന്നെ തകർക്കാനുള്ള കൃത്യമായ ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് വ്യാജ ഇലക്ഷൻ ഐഡി കാർഡുകൾ നിർമ്മിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.എം സ്വന്തം പ്രവർത്തകരുടെ പേരിൽ തന്നെയാണ് വ്യാജ കാർഡുകൾ തയ്യാറാക്കുന്നത് എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യമെന്നും സ്വന്തം അണികളോടുള്ള വിശ്വാസം പോലും നഷ്ടപ്പെട്ട ഒരു പാർട്ടിയായി സി.പി.എം മാറിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. സി.പി.എം വിമത സ്ഥാനാർഥികളെ ഏതു വിലകൊടുത്തും തോൽപ്പിക്കാനുള്ള നിരാശയുടെയും ഭയത്തിന്റെയും തെളിവാണ് ഈ കൃത്രിമ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.ഈ വ്യാജ കാർഡുകൾ എവിടെയാണ് അച്ചടിക്കുന്നത് എന്നും അവ എങ്ങനെ വിതരണം ചെയ്യാനാണ് പദ്ധതിയെന്നും ഉള്ള കാര്യങ്ങളെക്കുറിച്ച് കോൺഗ്രസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ട് ഈ വിഷയത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കൃത്രിമത്തിനൊപ്പം നിൽക്കുന്നവർ ആരായാലും അവർ നിയമത്തിന് മുന്നിൽ കർശനമായ നടപടി നേരിടേണ്ടിവരുമെന്ന് വേണുഗോപാൽ മുന്നറിയിപ്പ് നൽകി. ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് ജനങ്ങൾ തന്നെ വോട്ടിലൂടെ മറുപടി നൽകുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുന്നത് അനിവാര്യമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
