ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി രാജീവർ കണ്ഠരർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ നിരീക്ഷണങ്ങളെ ചോദ്യം ചെയ്തും തന്ത്രിക്കെതിരായ തെളിവുകൾ ചൂണ്ടിക്കാട്ടിയും എസ്ഐടി അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.
തന്ത്രിക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നിരിക്കെ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം തെറ്റാണെന്ന് അപ്പീലിൽ പറയുന്നു. ഈ പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണമെന്നും, തന്ത്രിക്ക് രണ്ട് കേസുകളിലുമായി ലഭിച്ച ജാമ്യം റദ്ദാക്കണമെന്നും എസ്ഐടി ആവശ്യപ്പെട്ടു.
അതേസമയം, തന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ജാമ്യം ലഭിച്ചതിന് ശേഷം തന്ത്രി പ്രതികരിച്ചു. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊണ്ടതിലുള്ള വിരോധം തീർക്കാൻ ഭരണകക്ഷിയിലെയും പോലീസിലെയും ചില ഉന്നതർ ശ്രമിക്കുകയാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചിരുന്നു. സ്വർണ്ണക്കൊള്ളയുമായി തന്ത്രിയെ ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുമ്പ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
