തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ പാചകവാതക ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചകത്തിനായി വിറകടുപ്പ് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതുവരെ ഉണ്ടായിരുന്ന വിലക്ക് നീക്കം ചെയ്ത് വിറകടുപ്പിൽ പാചകം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു.
വിറകടുപ്പ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക ചെലവ് വിദ്യാഭ്യാസ് വകുപ്പ് ഏറ്റെടുക്കും. നിലവിൽ നൽകുന്ന തുകയ്ക്ക് പുറമേ വിറകിനായി ചെലവാകുന്ന അധിക തുകയും നൽകുമെന്ന് അധികൃതർ അറിയിച്ചു. പാചകവാതക ലഭ്യത കുറവിനെ തുടർന്ന് സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടാതിരിക്കാനാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഈ പുതിയ നിർദേശം പുറത്തിറക്കിയത്.
ഇതിനിടെ സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ ലഭിക്കാത്തതോടെ ഹോട്ടൽ, കാറ്ററിംഗ് മേഖലകൾ വലിയ പ്രതിസന്ധി നേരിടുന്നു. എറണാകുളം ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നൂറിലധികം ഹോട്ടലുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുണ്ട്. വീടുകളിലും പലരും ഇൻഡക്ഷൻ കുക്കറുകളിലേക്ക് മാറുന്ന പ്രവണത കൂടിയതോടെ വൈദ്യുതി ഉപഭോഗം വർധിക്കുമെന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി.
വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം കാരണം നിരവധി ഹോട്ടലുകൾ പ്രവർത്തന സമയം കുറയ്ക്കുകയും വിഭവങ്ങളുടെ എണ്ണം ചുരുക്കുകയും ചെയ്തിട്ടുണ്ട്. ലൈവ് കുക്കിംഗ് രീതികളും പലിടങ്ങളിലും അവസാനിപ്പിക്കേണ്ടിവന്നു. ഇന്നലെ സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഗ്യാസ് ഏജൻസികൾ പറയുന്നതനുസരിച്ച് ആശുപത്രികൾ, ഹോസ്റ്റലുകൾ തുടങ്ങിയ അത്യാവശ്യ സേവനങ്ങൾക്കാണ് നിലവിൽ മുൻഗണന നൽകി സിലിണ്ടറുകൾ വിതരണം ചെയ്യുന്നത്. ഹോട്ടലുകൾ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിന്റെ ആഘാതം സാധാരണക്കാരായ ജനങ്ങൾക്കും ഉടൻ അനുഭവിക്കേണ്ടി വരുമെന്ന ആശങ്ക ഉയരുന്നു.
