തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും ചൂട് വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഉയർന്ന ചൂട് സൂര്യാഘാതം, നിർജലീകരണം, സൂര്യാതപം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് തുടരുക. ശുദ്ധജലം കൂടുതൽ കുടിക്കാനും നിർദേശമുണ്ട്. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ പോലുള്ള നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുകയും പാദരക്ഷകൾ ധരിക്കുകയും ചെയ്യണം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ORS ലായനി, സംഭാരം തുടങ്ങിയ പാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്യാൻ നിർദേശമുണ്ട്.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്ത സാധ്യത വർധിക്കാമെന്നതിനാൽ ഫയർ ഓഡിറ്റ് നടത്തുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കി വനംവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാകാലത്ത് പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണമെന്ന് സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കു പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും ഇടവേളകളിൽ വിശ്രമം ഉറപ്പാക്കുകയും വേണം.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകുന്നത് ഒഴിവാക്കണം. കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും ആവശ്യമായ ജലലഭ്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
