പ്രമുഖ ചരിത്രകാരനും കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.എച്ച്.ആർ.സി) സ്ഥാപക ചെയർമാനുമായ കെ. എൻ. പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്രരചനയിൽ മാർക്സിസ്റ്റ് സമീപനം സ്വീകരിച്ച അദ്ദേഹം ഇന്ത്യയിലെ പ്രമുഖ ചരിത്രകാരന്മാരിൽ ഒരാളായിരുന്നു. 📚
1936-ൽ ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) ചരിത്രവിഭാഗത്തിൽ അധ്യാപകനായി പ്രവർത്തിച്ചു. വകുപ്പുമേധാവി, സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീൻ, ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാൻ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.
പല വിദേശ സർവകലാശാലകളിലും വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ച അദ്ദേഹം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കേരള ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ ചെയർമാനായും പ്രവർത്തിച്ചു വരികയായിരുന്നു.
ചരിത്രത്തെ മാർക്സിസ്റ്റ് കാഴ്ചപ്പാടിലൂടെ സമീപിച്ച കെ. എൻ. പണിക്കർ മതേതരത്വത്തിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു. ഇന്ത്യൻ ചരിത്രരചനയിൽ ശാസ്ത്രീയവും പുരോഗമനപരവുമായ സമീപനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക-ഭൗതിക ചരിത്രമാണ് പ്രധാനമായും അദ്ദേഹത്തിന്റെ ഗവേഷണ മേഖല. ഇന്ത്യൻ കൊളോണിയലിസവും ആധുനികതയും സംബന്ധിച്ച ചരിത്രപരമായ പഠനങ്ങളിൽ അദ്ദേഹം ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുണ്ട്.
Culture and Consciousness in Modern India, Against Lord and State, British Diplomacy in North India, Interrogating Colonial Modernity, Culture, Ideology and Hegemony, Communal Threat, Secular Challenge, Contemporary India: Culture and Politics തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ഇതിന് പുറമെ നിരവധി പുസ്തകങ്ങൾ എഡിറ്റ് ചെയ്തതുമുണ്ട്.
2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു. 🕊️📖
