നാട്ടിക നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സി.സി. മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും നാട്ടികയിൽ ഇടതുപക്ഷത്തിന് വിജയം ഉറപ്പാണെന്ന് എംഎൽഎ ഗീതാ ഗോപി. മുകുന്ദൻ കോൺഗ്രസ് പാളയത്തിൽ ചേർന്നേക്കില്ലെന്ന വിശ്വാസവും അവര് പ്രകടിപ്പിച്ചു.
നാട്ടിക മണ്ഡലം ഏറെകാലമായി ഇടതുപക്ഷത്തിനൊപ്പമാണ് നിന്നതെന്നും ഇത്തവണയും വിജയം എൽഡിഎഫിനൊപ്പമാവുമെന്നുമാണ് ഗീതാ ഗോപി പ്രതികരിച്ചത്. സി.സി. മുകുന്ദനുമായി സംസാരിക്കുമെന്നും വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു. ‘പെയ്മെന്റ് സീറ്റ്’ എന്ന ആരോപണവുമായി ബന്ധപ്പെട്ട് പാർട്ടി പറഞ്ഞതിനപ്പുറം പ്രതികരിക്കാൻ ഒന്നുമില്ലെന്നും ഗീതാ ഗോപി വ്യക്തമാക്കി.

അതേസമയം, മുകുന്ദനുമായി പാർട്ടിക്ക് യാതൊരു വൈരാഗ്യവും ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹവുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ഇതിനിടെ, വരുന്ന തെരഞ്ഞെടുപ്പിൽ സി.സി. മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. പാർട്ടിയിലുള്ള അതൃപ്തി പരസ്യമാക്കിയ മുകുന്ദനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ യുഡിഎഫ് നേതൃത്വം ആലോചിക്കുന്നതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും മുകുന്ദനുമായി ബന്ധപ്പെടുകയും ചെയ്തതായി വിവരം.
