തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലുള്ള ക്ഷേത്രം തന്ത്രി കണ്ഠരർ രാജീവറെ ദ്വാരപാലക ശിൽപ്പപാളികൾ പുറത്തേക്ക് കൊണ്ടുപോയ കേസിലും പ്രത്യേക അന്വേഷണസംഘം പ്രതിയാക്കാൻ നീക്കം തുടങ്ങി. ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്ത്രിയുടെ അറിവോടെയും അനുമതിയോടെയുമാണ് ശിൽപ്പപാളികൾ മാറ്റിയതെന്ന് എസ്ഐടി കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി 2004 മുതൽ തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും, സ്പോൺസർഷിപ്പ് ഇടപാടുകളിൽ ഈ ബന്ധം ഉപയോഗിച്ചതായും അന്വേഷണസംഘം പറയുന്നു. പോറ്റിയെയും തന്ത്രിയെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനം. സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ തന്ത്രിക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പൊതുസ്വത്ത് ദുരുപയോഗം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
