തിരുവനന്തപുരം: തുടർപഠനവും ജോലി സ്വപ്നവും കൈവിട്ടുപോകുമോ എന്ന ആശങ്കയിലായിരുന്നു മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിലെ തോട്ടംതൊഴിലാളികളുടെ മകളായ പി. ആർതി. ബംഗളൂരുവിൽ അവസാനവർഷ ബി.എസ്.സി നഴ്സിങ് വിദ്യാർഥിനിയായ ആർതിക്ക് സർവകലാശാല പെട്ടെന്ന് വർധിപ്പിച്ച ഫീസ് വലിയ പ്രതിസന്ധിയായി. അവസാന ഗഡുവായി അടയ്ക്കേണ്ട 90,000 രൂപ കണ്ടെത്താനാകാതെ വന്നതോടെയാണ് പഠനം തന്നെ അനിശ്ചിതത്വത്തിലായത്.
ഫീസ് അടയ്ക്കാനായില്ലെങ്കിൽ അവസാനവർഷ പരീക്ഷ എഴുതാനാകില്ലെന്ന അവസ്ഥയിലാണ് ആർതി മുഖ്യമന്ത്രിയുടെ പരാതിപരിഹാര പദ്ധതിയായ ‘സിഎം വിത്ത് മീ’യുടെ ഫോൺ നമ്പർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബന്ധപ്പെട്ട് തന്റെ പ്രശ്നം വിശദമായി അറിയിച്ചു. തുടർന്ന് മൂന്നു ദിവസത്തിനുള്ളിൽ തന്നെ മൂന്നാർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ആർതിക്ക് ഫോൺവിളി എത്തി.
അമ്മയോടൊപ്പം ബാങ്കിലെത്തിയ ആർതിയെ കാത്തിരുന്നത് വലിയ അദ്ഭുതമായിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫീസ് അടയ്ക്കാനുള്ള മുഴുവൻ തുകയും ബാങ്ക് ഒരുക്കിയിട്ടുണ്ടെന്നും, ഈ തുക ആർതി തിരികെ അടയ്ക്കേണ്ടതില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലായിരുന്നു ആർതി. എന്നാൽ അതിനുപിന്നാലെ മറ്റൊരു സന്തോഷവും കൂടി. സഹായം പൂർണമായി ലഭിച്ചതായി ഉറപ്പാക്കിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആർതിയെ നേരിട്ട് വിളിച്ചു. സാധാരണയായി നടക്കില്ലെന്ന് കരുതിയാണ് പരാതി നൽകിയതല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ അതെ എന്നായിരുന്നു ആർതിയുടെ മറുപടി. പരാതി ലഭിച്ച ഉടൻ തന്നെ മൂന്നാർ സർവീസ് സഹകരണ ബാങ്ക് അധികൃതരെ ബന്ധപ്പെടുകയായിരുന്നുവെന്നും, അവരുടെ സമയോചിതമായ ഇടപെടലാണ് സഹായമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷയ്ക്കും ഭാവിക്കും എല്ലാ ആശംസകളും നേർന്നാണ് മുഖ്യമന്ത്രി ഫോൺ വിളി അവസാനിപ്പിച്ചത്.
