കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്തിയ കോടതിയിലെ ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിയമോപദേശം പുറത്തുവന്നു. വിധി പ്രസ്താവിക്കാന്‍ ജഡ്ജിക്ക് അര്‍ഹതയില്ലെന്നതടക്കമുള്ള കടുത്ത വിമര്‍ശനങ്ങളാണ് നിയമോപദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ വിചാരണ കോടതി ജഡ്ജി തന്നെ സംശയ നിഴലിലാണെന്നും, അത്തരത്തില്‍ ഒരാള്‍ക്ക് വിധി പറയാനുള്ള അവകാശം ഇല്ലെന്നും നിയമോപദേശം ചൂണ്ടിക്കാട്ടുന്നു.
ദിലീപിനെ വെറുതെ വിടുന്നതിനായി തയ്യാറാക്കിയ വിധിയാണിതെന്നും നിയമോപദേശത്തില്‍ ആരോപിക്കുന്നു. പ്രതിക്കെതിരെ പ്രോസിക്യൂഷന് ഹാജരാക്കിയ ഗൗരവമേറിയ നിരവധി തെളിവുകള്‍ കോടതി പക്ഷപാതപരമായി തള്ളിയെന്നും വിമര്‍ശനമുണ്ട്. കേസുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തയ്യാറാക്കിയ വിശദമായ കുറിപ്പും നിയമോപദേശത്തിന്റെ ഭാഗമാണെന്നും സൂചനയുണ്ട്.
