കൊച്ചി: മുൻമന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ വൈകുന്നേരം മൂന്നരയോടെയായിരുന്നു അന്ത്യം. ഖബറടക്കം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ആലങ്ങാട് ജുമമസ്ജിദിൽ നടക്കും.
ഭാര്യ നദീറ. മക്കൾ: അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ. അനൂപ്.
1952 മെയ് 20ന് എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു. ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി ജനിച്ച ഇബ്രാഹിംകുഞ്ഞ്, മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിലൂടെ പൊതുരംഗത്തേക്ക് കടന്നു. തുടർന്ന് യൂത്ത് ലീഗ്, എറണാകുളം ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ നേതൃത്വത്തിലും സജീവമായി പ്രവർത്തിച്ചു.
നാലുതവണ തുടർച്ചയായി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിംകുഞ്ഞ്, രണ്ട് തവണ മന്ത്രിസ്ഥാനവും വഹിച്ചു. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരി നിയോജകമണ്ഡലത്തെയും 2011, 2016 വർഷങ്ങളിൽ കളമശേരി നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചു. മട്ടാഞ്ചേരിയുടെ അവസാന എംഎൽഎയും, പുതുതായി രൂപീകരിച്ച കളമശേരിയുടെ ആദ്യ ജനപ്രതിനിധിയുമായിരുന്നു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടർന്ന് 2005 ജനുവരിയിൽ വ്യവസായ–സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഇബ്രാഹിംകുഞ്ഞ് 2006 മെയ് വരെ ആ സ്ഥാനത്ത് തുടർന്നു. 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്ഡിക്കേറ്റ് അംഗം, ഗോശ്രീ ഐലൻഡ് ഡെവലപ്പ്മെൻറ് അതോറിറ്റി, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി എന്നിവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. കേരള നിയമസഭയുടെ അഷൂറൻസ് കമ്മിറ്റി ചെയർമാൻ, ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ ചുമതലകളും വഹിച്ചു.
