തിരുവനന്തപുരം:
മേയർ സ്ഥാനം നഷ്ടമായതിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി ആർ. ശ്രീലേഖ. മേയർ പദവി വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും, അവസാന നിമിഷം നേതൃത്വത്തിന്റെ നിലപാട് മാറിയതായും ശ്രീലേഖ ആരോപിച്ചു. ഒടുവിൽ വി.വി. രാജേഷിനുവേണ്ടി തന്നെ തഴഞ്ഞുവെന്നാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിജെപി നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി അവർ വ്യക്തമാക്കിയത്.
താൻ മത്സരിച്ചത് കൗൺസിലർ ആകാൻ മാത്രമല്ല, മേയറാകുമെന്ന ഉറപ്പോടെയാണെന്നും എല്ലാ മാധ്യമ ചർച്ചകളും അത്തരത്തിലായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. അവസാന നിമിഷം വരെ പ്രതീക്ഷ പുലർത്തിയിരുന്നുവെങ്കിലും തീരുമാനം മാറിയതോടെ നിരാശയുണ്ടായതായി അവർ തുറന്നു പറഞ്ഞു. രാഷ്ട്രീയം എന്നത് ഓരോരുത്തരുടെയും താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങളാണെന്നും, സംഭവിച്ചത് അംഗീകരിക്കുന്നുവെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
മേയർ പദവി ലഭിക്കാതിരുന്നതിലെ അസന്തോഷം ശ്രീലേഖ മുൻപും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ-ഡെപ്യൂട്ടി മേയർ അധികാരമേൽക്കൽ ചടങ്ങ് പൂർത്തിയാകുന്നതിന് മുൻപേ തന്നെ ശ്രീലേഖ ചടങ്ങ് വിട്ടിറങ്ങിയത് വലിയ ശ്രദ്ധ നേടുകയും ചെയ്തു. ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേൽക്കുന്ന ഘട്ടത്തിലാണ് അവർ സ്ഥലം വിട്ടത്.
നീണ്ട അനിശ്ചിതത്വങ്ങൾക്കും ഉൾപാർട്ടി തർക്കങ്ങൾക്കുമൊടുവിലാണ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി. രാജേഷിനെ മേയറായി പാർട്ടി പ്രഖ്യാപിച്ചത്. ആർ. ശ്രീലേഖയെ മേയറാക്കുമെന്ന തരത്തിൽ ശക്തമായ ചർച്ചകൾ നടന്നിരുന്നുവെങ്കിലും, പാർട്ടിക്കുള്ളിലെ കടുത്ത എതിർപ്പിനെ തുടർന്നാണ് അവരെ മാറ്റിനിർത്തിയതെന്നാണ് സൂചന. ബിജെപി കൗൺസിലർമാർക്കിടയിൽ തന്നെ ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ വലിയ ഭിന്നത നിലനിന്നിരുന്നു. ആർഎസ്എസ് വിഭാഗത്തിന്റെ പിന്തുണ ഉറപ്പിച്ചതോടെയാണ് രാജേഷിന് മേയർ പദവി ലഭിച്ചത്.
അതേസമയം, ശ്രീലേഖയെ അനുനയിപ്പിക്കാൻ നിയമസഭാ സീറ്റ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ബിജെപി നേതൃത്വം നൽകിയതായും, കേന്ദ്രതലത്തിൽ ഒരു പദവി ഉറപ്പാക്കാനുള്ള നീക്കങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
