ഡൽഹി: വിമാനയാത്രക്കാർ നേരിടുന്ന തുടർച്ചയായ ബുദ്ധിമുട്ടുകൾക്ക് പിന്നാലെ ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട്. ഇൻഡിഗോയുടെ സർവീസുകളിൽ 10 ശതമാനം വെട്ടിക്കുറയ്ക്കാൻ വ്യോമയാന മന്ത്രാലയം നൽകിയ ഉത്തരവ് പ്രാബല്യത്തിൽ. ഇതോടെ ഡിസംബർ ആദ്യം വരെ നടത്താനിരുന്ന 2008 സർവീസുകൾ 1879 ആയി കുറച്ചു.IndiGo suffers setback; 10% services cut
ഏറ്റവും കൂടുതൽ സർവീസ് റദ്ദാക്കപ്പെട്ടത് ബെംഗളൂരുവിൽ നിന്നാണ്. ഇവിടെ നിന്ന് മാത്രം 52 സർവീസുകളാണ് റദ്ദാക്കിയത്. പ്രധാനമായും ഹ്രസ്വദൂര യാത്രാ സർവീസുകളെയാണ് നിലവിലെ നിയന്ത്രണം ബാധിച്ചിരിക്കുന്നത്.
കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ നിർദ്ദേശപ്രകാരം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇൻഡിഗോയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡിജിസിഎ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കമ്പനിക്ക് കനത്ത പിഴ ചുമത്തണമെന്നും, സിഇഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്യുന്നു.
ലക്ഷക്കണക്കിന് യാത്രക്കാരുടെ പരാതികൾ പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിലെ മറ്റ് തുടർ നടപടികളും വൈകാതെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
