എൽഡിഎഫിന്റെ പി. വിശ്വനാഥൻ കൽപറ്റ നഗരസഭയുടെ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷനെന്ന ചരിത്രനേട്ടവും ഇതോടെ അദ്ദേഹം സ്വന്തമാക്കി. പട്ടികവർഗ വിഭാഗത്തിനായി സംവരണമുണ്ടായിരുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ 17 വോട്ടുകൾ നേടിയാണ് വിശ്വനാഥൻ വിജയിച്ചത്. ദീർഘകാല രാഷ്ട്രീയ പ്രവർത്തന പരിചയവും സീനിയോറിറ്റിയും മുൻനിർത്തിയാണ് എൽഡിഎഫ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.The country’s first municipal chairman from the Paniya community in Kalpetta
എടഗുനി ഡിവിഷനിൽ നിന്ന് തുടർച്ചയായ രണ്ടാം തവണയാണ് വിശ്വനാഥൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ സി.പി.എം കൽപറ്റ ഏരിയ കമ്മിറ്റി അംഗമായ അദ്ദേഹം, ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) ജില്ലാ പ്രസിഡന്റായും പ്രവർത്തിക്കുന്നു. കരിന്തണ്ടൻ നാടൻപാട്ട് കലാ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനെന്ന നിലയിലും വിശ്വനാഥൻ ശ്രദ്ധേയനാണ്.
ആകെ 30 ഡിവിഷനുകളുള്ള കൽപറ്റ നഗരസഭയിൽ 17 സീറ്റുകൾ നേടിയാണ് ഇത്തവണ എൽഡിഎഫ് അധികാരം പിടിച്ചെടുത്തത്. ഇതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന യുഡിഎഫ് ഭരണത്തിന് അന്ത്യമായി. കഴിഞ്ഞ തവണ 15 സീറ്റുകൾ നേടിയിരുന്ന യുഡിഎഫിന് ഇക്കുറി 11 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടിവന്നു. അതേസമയം, എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ പുളിയാർമലയും കൈനാട്ടിയും എൻഡിഎ സ്വന്തമാക്കി ശക്തി തെളിയിച്ചു.
