കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തമംഗലം ചെത്തുകടവിലെ സുബ്രഹ്മണ്യന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.AI photo controversy: N. Subramanian in police custody
ഫോട്ടോയിൽ കൃത്രിമം നടത്തിയിട്ടില്ലെന്നും ഫാക്ട് ചെക്ക് നടത്തിയ ശേഷമാണ് ചിത്രം പങ്കുവച്ചതെന്നും സുബ്രഹ്മണ്യൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. താൻ ഷെയർ ചെയ്തത് യഥാർത്ഥ ഫോട്ടോ തന്നെയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ചിത്രങ്ങളാണ് താൻ പങ്കുവച്ചതെന്നും, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ അടക്കമുള്ളവർ ഇതേ ഫോട്ടോ പങ്കുവച്ചിട്ടുണ്ടെന്നും, എന്നാൽ അവർക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും സുബ്രഹ്മണ്യൻ ചോദിച്ചു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പോറ്റിയുമായി സംസാരിക്കുന്നതെന്ന പേരിൽ പ്രചരിച്ച ദൃശ്യങ്ങൾ, മുഖ്യമന്ത്രി കടന്നുപോകുമ്പോൾ എടുത്ത ചിത്രമാണെന്ന് പിന്നീട് വ്യക്തമായി. പരിപാടിയുടെ നോട്ടീസിലോ ഔദ്യോഗിക രേഖകളിലോ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ശബരിമലയിലേക്ക് ഭീമാ ഗ്രൂപ്പ് സ്പോൺസർ ചെയ്ത ആംബുലൻസ് ഉദ്ഘാടന ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ പോറ്റി പങ്കെടുത്തത്. മട്ടന്നൂർ ശങ്കരൻകുട്ടി, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തിരുന്നെങ്കിലും, പരിപാടിയുടെ പോസ്റ്ററിൽ പോറ്റിയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. സ്പോൺസർമാരുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ചടങ്ങിലെത്തിയതെന്ന് വ്യക്തമാകുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പോറ്റിയോട് സ്വകാര്യമായി സംസാരിച്ചു എന്നതടക്കമുള്ള വ്യാജവാദങ്ങളാണ് പിന്നീട് പ്രചരിച്ചത്. എന്നാൽ ദൃശ്യങ്ങളിൽ കാണുന്നത് പോറ്റി മുഖ്യമന്ത്രിയെ തൊഴുത് കടന്നുപോകുന്നതു മാത്രമാണ്. ചില ദൃശ്യങ്ങൾ ഉദ്ദേശപൂർവം മുറിച്ചെടുത്താണ് പ്രചാരണം നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
