തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ നിയുക്ത മേയർ വി.വി. രാജേഷിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തെറ്റായ വിവരങ്ങളാണ് പ്രചരിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.News that V.V. Rajesh was called is false: Chief Minister’s Office
ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ ശ്രമിച്ചത് നിയുക്ത മേയർ വി.വി. രാജേഷാണെന്നും, അദ്ദേഹം മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റിനെയാണ് വിളിച്ചതെന്നും ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രി സമീപത്തില്ലാത്തതിനാൽ പിന്നീട് സംസാരിക്കാൻ കണക്ട് ചെയ്യുകയായിരുന്നു.
സംഭാഷണത്തിനിടെ മേയറാകാൻ പോകുന്ന വിവരം രാജേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. നേരിട്ട് കാണാമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് മറുപടിയായി “അങ്ങനെ ആകട്ടെ, അഭിനന്ദനങ്ങൾ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, പിന്നീട് മുഖ്യമന്ത്രിയാണ് വി.വി. രാജേഷിനെ വിളിച്ച് ആശംസകൾ അറിയിച്ചതെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു. ഇത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
