തിരുവനന്തപുരം: സംസ്ഥാനത്ത് ആറു കോർപ്പറേഷനുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഇന്ന് നടന്നു. കോർപ്പറേഷനുകളിൽ പുതിയ മേയർമാർ ചുമതലയേറ്റപ്പോൾ നഗരസഭകളിൽ വ്യാപകമായ നേതൃമാറ്റങ്ങൾ ഉണ്ടായി.Leadership change in municipalities; new mayors in corporations
തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയറായി ചുമതലയേറ്റു. കൊല്ലത്ത് എ.കെ. ഹഫീസ്, കൊച്ചിയിൽ മിനി മോൾ, തൃശൂരിൽ ഡോ. നിജി ജസ്റ്റിൻ, കോഴിക്കോട് ഒ. സദാശിവൻ, കണ്ണൂരിൽ അഡ്വ. പി. ഇന്ദിര എന്നിവർ മേയർമാരായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ കോർപ്പറേഷനിൽ അഡ്വ. പി. ഇന്ദിരയ്ക്ക് 36 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിലെ വി.കെ. പ്രകാശിനിക്ക് 15 വോട്ടുകളും ബിജെപി സ്ഥാനാർഥി അർച്ചന വണ്ടിച്ചാലിന് 4 വോട്ടുകളും ലഭിച്ചു. എസ്ഡിപിഐ കൗൺസിലർ കെ. സമീറ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ ഭരണം നേടി. ബിജെപിയുടെ പി.എൽ. ബാബു ചെയർമാനായി. തലശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരൻ 32 വോട്ടുകൾ നേടി ചെയർമാനായി ചുമതലയേറ്റു.
കുന്നംകുളം നഗരസഭയിൽ എൽഡിഎഫിന്റെ സൗമ്യ അനിലൻ 18 വോട്ടുകൾ നേടി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ മിഷാ സെബാസ്റ്റ്യന് 10 വോട്ടും ബിജെപിയുടെ ഗീതാ ശശിക്ക് 7 വോട്ടും ലഭിച്ചു. ആർഎംപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കായംകുളം നഗരസഭയിൽ യുഡിഎഫിലെ മുസ്ലിം ലീഗ് അംഗം ശരത് ലാൽ ബെല്ലാരി ചെയർമാനായി അധികാരമേറ്റു. തൃക്കാക്കര നഗരസഭയിൽ റാഷിദ് ഉള്ളംപിള്ളി 29 വോട്ടുകൾ നേടി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. അങ്കമാലി നഗരസഭയിൽ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു; കോൺഗ്രസ് അംഗം റീത്താ പോൾ ചെയർപേഴ്സണായി.
ആലപ്പുഴ നഗരസഭയിൽ യുഡിഎഫിലെ മോളി ജേക്കബ് 24 വോട്ടുകൾ നേടി ചെയർപേഴ്സണായി. മൂവാറ്റുപുഴയിൽ ജോയ്സ് മേരി ആന്റണി 20 അംഗങ്ങളുടെ പിന്തുണയോടെ ചെയർപേഴ്സണായി ചുമതലയേറ്റു.
മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ സി.പി.ഐ.എം സ്ഥാനാർഥി സി.വി. സുധയും, നിലമ്പൂരിൽ കോൺഗ്രസിന്റെ പത്മിനി ഗോപിനാഥും, തിരൂരിൽ കീഴേടത്തിൽ ഇബ്രാഹിം ഹാജിയും, പെരിന്തൽമണ്ണയിൽ സുരയ്യ ഫാറൂഖും, മലപ്പുറത്ത് റിനിഷ റഫീഖും, മഞ്ചേരിയിൽ വല്ലാഞ്ചിറ അബ്ദുൽ മജീദും ഉൾപ്പെടെ വിവിധ നഗരസഭകളിൽ പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു.
ഷൊർണൂർ നഗരസഭയിൽ എൽഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിച്ച പി. നിർമല അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഭരണതുടർച്ച ഉറപ്പാക്കാൻ സിപിഐഎം പി. നിർമലയെ പിന്തുണയ്ക്കുകയായിരുന്നു.
ചെങ്ങന്നൂരിൽ മനീഷ് കീഴാമഠം ചെയർമാനായി. ഈരാറ്റുപേട്ടയിൽ ലീഗ് കൗൺസിലർ വി.പി. നാസർ അധ്യക്ഷനായി. പട്ടാമ്പിയിൽ ടി.പി. ഷാജി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെ രണ്ടര വർഷം കോൺഗ്രസിനും രണ്ടര വർഷം മുസ്ലിം ലീഗിനും അധികാരം നൽകുന്ന ധാരണയുണ്ട്.
ആലപ്പുഴ ജില്ലയിൽ എൽഡിഎഫിന് ലഭിച്ച ഏക നഗരസഭയായ ചേർത്തലയിൽ എസ്. സോബിൻ ചെയർമാനായി. ഹരിപ്പാട് നഗരസഭയിൽ കോൺഗ്രസിലെ വൃന്ദ എസ്. കുമാറും, വൈക്കത്ത് അബ്ദുൾ സലാം റാവുത്തറും, ആറ്റിങ്ങലിൽ എം. പ്രദീപും ചെയർമാന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
കോതമംഗലം നഗരസഭയിൽ കോൺഗ്രസിലെ ഭാനുമതി രാജു 23 വോട്ടുകൾ നേടി ചെയർപേഴ്സണായി ചുമതലയേറ്റു. എൽഡിഎഫിലെ മരിയ രാജുവിന് 8 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഇതോടെ സംസ്ഥാനത്തെ നഗരസഭകളും കോർപ്പറേഷനുകളും പുതിയ നേതൃത്വത്തിലേക്ക് കടന്നിരിക്കുകയാണ്.
