കോഴിക്കോട്: തുടർച്ചയായ അച്ചടക്കലംഘനങ്ങൾ ചൂണ്ടിക്കാട്ടി സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദികളിലൂടെയും പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവച്ചതിനെ തുടർന്നാണ് ഉമേഷിനെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്.Umesh Vallikunnu dismissed from police
ആറന്മുളയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് ഉമേഷ് സമൂഹമാധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കാൻ ആരംഭിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്ന ആഭ്യന്തര വിഷയങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്ന തരത്തിലുള്ള കുറിപ്പുകളും, സേനയുടെ പ്രതിഛായയ്ക്ക് ക്ഷതമേൽപ്പിക്കുന്ന അഭിപ്രായങ്ങളും തുടർച്ചയായി പ്രസിദ്ധീകരിച്ചു.
നടപടികൾ ഉണ്ടായിട്ടും ഫേസ്ബുക്കിൽ അടക്കം വിവാദ കുറിപ്പുകൾ പങ്കുവയ്ക്കുന്നത് ഉമേഷ് തുടർന്നു. പലതവണ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും തുടക്കത്തിൽ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. പിന്നീട് മുഖ്യമന്ത്രിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലേക്ക് പോസ്റ്റുകൾ നീങ്ങിയതോടെയാണ് നടപടി കടുപ്പിച്ചത്.
മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിട്ടും സർക്കാരിനെയും പൊലീസ് സേനയെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുവെന്ന പരാതിയും ഉമേഷിനെതിരെയുണ്ടായിരുന്നു. ഇതുവരെ ആകെ 11 അച്ചടക്ക നടപടികളാണ് ഉമേഷ് വള്ളിക്കുന്നിനെതിരെ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്.
