തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളോട് സ്നേഹത്തോടെയും മര്യാദയോടെയും ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും മന്ത്രി നിര്‍ദേശിച്ചു. പ്രൈവറ്റ് ബസുടമകളും കണ്സള്ട്ടന്റ്മാരും ഉള്‍പ്പെടെ ചിലര്‍ കള്ളപരാതികളുമായി എത്തുകയും ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ സത്യസന്ധമായി ജോലി ചെയ്താല്‍ മതിയെന്നും ആരെയും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.People should be treated with love and courtesy; Minister K.B. Ganesh Kumar
വിവരാവകാശ നിയമം പോലും ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷകളും മന്ത്രിക്ക് നല്കുന്ന പരാതികളും ഉപയോഗിച്ച് ചിലര്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുന്നു. മന്ത്രിയുടെ പേരെടുത്ത് ഭയപ്പെടുത്തുന്നവരുമുണ്ട്. അത്തരത്തില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കള്ളക്കേസുകളില്‍ കുടുക്കുന്നത് ചിലരുടെ സ്ഥിരം രീതിയായിരുന്നുവെന്നും അത്തരം പരാതികളുമായി തന്നെ സമീപിച്ചവരുമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള പരാതികള്‍ സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പരാതി നല്‍കാനായി മാത്രം ജീവിക്കുന്ന ചിലര്‍ മറ്റുള്ളവരെ ഭയപ്പെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഭയത്തിന് കീഴടങ്ങരുതെന്നും അതിലൂടെ ഒന്നും സംഭവിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
