പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും സംഭവത്തിൽ ഉത്തരവാദികളായ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.Strict action will be taken against the accused in the Walayar mob lynching: Chief Minister
പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസിന്റെ അന്വേഷണം പുരോഗമിപ്പിച്ചുവരികയാണെന്നും, സംഭവത്തിന്റെ എല്ലാ വിശദാംശങ്ങളും പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാം നാരായണിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു വാളയാറിൽ സംഭവം. മദ്യപിച്ച നിലയിലായിരുന്ന റാം നാരായൺ മോഷ്ടാവാണെന്ന് സംശയിച്ചാണ് നാട്ടുകാർ ക്രൂരമായി മർദിച്ചതെന്നാണ് പോലീസ് വിശദീകരണം. എന്നാൽ ഇയാളുടെ കൈവശം നിന്ന് മോഷണവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
ആദ്യം പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ അഞ്ച് പേരുടെ അറസ്റ്റാണ് പിന്നീട് രേഖപ്പെടുത്തിയത്. യുവാവിന്റെ ശരീരത്തിൽ ഗുരുതരമായ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് അറിയിച്ചു.
