തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇന്നലെ വാദം പൂര്‍ത്തിയാക്കിയ ശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയിരുന്ന കേസിലാണ് ജാമ്യ ഉത്തരവ്. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.Sandeep Warrier granted anticipatory bail in case of revealing the identity of a survivor
ഇരയുടെ ഐഡന്റിറ്റി മനഃപൂര്‍വ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നതാണ് സന്ദീപ് വാര്യറുടെ വാദം. പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് പലരും സോഷ്യല്‍മീഡിയയില്‍ വീണ്ടും പ്രചരിപ്പിച്ചതാണെന്നും അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തിയും നടത്തിയിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് പങ്കെടുത്ത വിവാഹത്തിന്റെ ചിത്രം അന്ന് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നുവെന്നും പിന്നീട് അത് ദുരുപയോഗം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ തന്നെ പിന്‍വലിച്ചതായും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. മനഃപൂര്‍വ്വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
