ജമ്മു കശ്മീർ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ജമ്മു കശ്മീർ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്. ടിആർഎഫ്, ലഷ്കർ-ഇ-തോയ്ബ എന്നീ ഭീകരസംഘടനകളുടെ പങ്ക് കുറ്റപത്രത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്.National Investigation Agency files chargesheet in Pahalgam terror attack case
ആക്രമണത്തിന് പിന്നാലെ പ്രാദേശിക ദൃക്സാക്ഷികൾ ഉൾപ്പെടെ രണ്ടായിരത്തിലധികം പേരെ എൻഐഎ ചോദ്യം ചെയ്തു. കൂടാതെ ജമ്മു കശ്മീർ പൊലീസിന്റെ സഹായത്തോടെ പ്രദേശത്തെ നൂറിലധികം വീടുകളിൽ റെയ്ഡുകളും നടത്തി. പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും ബന്ധുക്കളിൽ നിന്നുമുള്ള മൊഴികളും അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തി.
2025 ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത സുലൈമാൻ (ഫൈസൽ ജാട്ട്), അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് ഭീകരരെ ജൂലൈ 22ന് ശ്രീനഗറിലെ ദച്ചിഗാം വനമേഖലയിൽ നടത്തിയ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന സൈനിക നടപടിയിൽ വധിച്ചിരുന്നു. ഇവർ പാകിസ്ഥാൻ സ്വദേശികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിന് ദൃക്സാക്ഷിയായ ഒരു നാട്ടുകാരന്റെ മൊഴി കേസിൽ നിർണായകമായതായി എൻഐഎ വ്യക്തമാക്കി. ഭീകരർക്ക് സഹായം നൽകിയ പർവേസ്, ബഷീർ എന്നിവരെ കുറിച്ചും കുറ്റപത്രത്തിൽ വിവരിക്കുന്നു. ഇവർ ഭീകരരുടെ സാമഗ്രികൾ സൂക്ഷിക്കുകയും പിന്നീട് കൈമാറുകയും ചെയ്തതായാണ് മറ്റ് ദൃക്സാക്ഷികളുടെ മൊഴി. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത വെടിയുണ്ടകളും മറ്റ് തെളിവുകളും കേസിലെ നിർണായക തെളിവുകളായി അന്വേഷണ സംഘം സമർപ്പിച്ചിട്ടുണ്ട്.
