ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നതോടെ വിമാന സർവീസുകൾക്ക് ഗുരുതരമായ തടസ്സം നേരിട്ടു. കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതാണു പ്രതിസന്ധിക്ക് കാരണം. ഇതിനെ തുടർന്ന് 40 വിമാന സർവീസുകൾ റദ്ദാക്കുകയും നാല് സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.Air pollution in the capital is extreme.
ദിവസങ്ങൾക്ക് ശേഷം സർവീസ് പുനരാരംഭിച്ച ഇൻഡിഗോ ഉൾപ്പെടെയുള്ള വിവിധ വിമാനക്കമ്പനികൾക്കും തിരിച്ചടിയുണ്ടായി. ഇതോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ഏറെ ദുരിതം അനുഭവിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി യാത്രാവിവരങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 490-ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാവുന്ന ‘തീവ്ര മലിനീകരണം’ വിഭാഗത്തിലേക്കാണ് വരുന്നത്.
ജഹാംഗീർപുരിയിലാണ് മലിനീകരണം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടെ AQI 498 ആയി രേഖപ്പെടുത്തി. എയർ ക്വാളിറ്റി എർലി വോണിംഗ് സിസ്റ്റം റിപ്പോർട്ട് പ്രകാരം, ഡൽഹിയിലെ വായു ഗുണനിലവാരം അടുത്ത ആറു ദിവസത്തോളം ഗുരുതരമായി തുടർന്നേക്കും.
അതേസമയം, വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. വിഷയത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
