മിയാമി: ആഡംബര ക്രൂയിസ് കപ്പലായ എഐഡിഡിവയിൽ പകർച്ചവ്യാധി ഭീഷണി ഉയർന്നു. ക്രൂയിസിലെ നൂറിലധികം യാത്രക്കാരും ജീവനക്കാരും നോറോവൈറസ് ബാധിതരായതായി സ്ഥിരീകരിച്ചിട്ടുണ്ട്. 133 ദിവസത്തെ ലോകയാത്രയിലാണ് കപ്പൽ ഇപ്പോൾ, യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, മെക്സിക്കോ, ശ്രീലങ്ക തുടങ്ങി 26 രാജ്യങ്ങൾ യാത്രയിൽ ഉൾപ്പെടുന്നു. നവംബർ 10-ന് ജർമ്മനിയിലെ ഹാംബർഗിൽ നിന്നാണ് എഐഡിഡിവ യാത്ര തുടങ്ങിയത്.Virus outbreak in the middle of the ocean; tourists infected
യുഎസിലെ സിഡിസി നൽകിയ വിവരങ്ങൾ പ്രകാരം, എഐഡിഡിവയിലെ 95 യാത്രക്കാരും ആറു ക്രൂ അംഗങ്ങളും നോറോവൈറസ് ബാധിതരായി. നവംബർ 30-നാണ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. അന്ന് കപ്പൽ മിയാമിയിൽ നിന്ന് കൊസുമെലിലേക്കുള്ള യാത്രയിൽ ആയിരുന്നു. വയറിളക്കവും ഛർദ്ദിയും ആയിരുന്നു രോഗികളുടെ പ്രധാന ലക്ഷണങ്ങൾ.
പകർച്ചവ്യാധി നിയന്ത്രിക്കാൻ കപ്പലിൽ ക്വാറന്റൈൻ, വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ, പരിശോധനകൾ എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിലെ വെല്ലുവിളികൾ മറികടന്ന് കപ്പൽ മാർച്ച് 23-ന് ഹാംബർഗിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യമായ പ്രതിരോധ നടപടികൾ തുടരുകയാണെന്നും പുതിയ കേസുകൾ കുറഞ്ഞുവരുന്നുവെന്നും എഐഡിഎ ക്രൂയിസസ് വക്താവ് മാധ്യമങ്ങളോട് അറിയിച്ചു.
