മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ കൽവാൻ താലൂക്കിലെ സപ്തശ്രിംഗ് ഗർ ഘട്ടത്തിൽ ഭീകരാപകടം. ഏകദേശം 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞുണ്ടായ ദുരന്തത്തിൽ ആറുപേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. നിഫാദ് താലൂക്കിലെ പിമ്പാൽഗാവ് ബസ്വന്തിൽ നിന്നുള്ളവരാണ് മരിച്ചവർ.6 killed as car falls 600 feet in Maharashtra
കടുത്ത ആഘാതത്തിൽ ടൊയോട്ട ഇന്നോവ കാറിന് തകരാറ് ഏൽക്കുകയും അതിലുണ്ടായിരുന്ന ആറു പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. വാഹനത്തിൽ ആകെ ഏഴ് പേർ യാത്ര ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.
കീർത്തി പട്ടേൽ (50), രസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്.
പോലീസും ജില്ലാ ദുരന്തനിവാരണ സമിതി അംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് റസിഡന്റ് ഡെപ്യൂട്ടി കളക്ടർ ജില്ലാ ദുരന്ത അതോറിറ്റി സിഇഒ രോഹിത് കുമാർ രാജ്പുത് അറിയിച്ചു.
ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
