ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം കളംകാവൽ ഇന്നു മുതൽ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ടീസറുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. .Mammootty’s ‘Kalamkaval’ to release today
ഈ ചിത്രത്തിലൂടെയാണ് ജിതിൻ സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.തങ്ങൾ ഈ ചിത്രത്തിലേക്ക് ഹൃദയവും ആത്മാവും മുഴുവൻ നിക്ഷേപിച്ചിട്ടുണ്ടെന്നും, പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും ‘കളംകാവൽ’ എന്നും മമ്മൂട്ടി തന്റെ പോസ്റ്റിൽ രേഖപ്പെടുത്തി. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയും, പ്രേക്ഷകരുടെ പ്രതികരണം ആവേശത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ‘കളംകാവൽ’ കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം കുറുപ്പ് എഴുതിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാന രംഗത്തേക്ക് എത്തുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയുമാണ് ‘കളംകാവൽ’.
ഇതിനിടെ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് വെറും 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഒരു കോടിയിലധികം രൂപയുടെ വരുമാനം കൈവരിച്ചു. സോണി ലിവ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളും മുൻപ് പുറത്തുവന്നിരുന്നു.
മമ്മൂട്ടിയോടൊപ്പം വിനായകൻ, ബിൻ ഗോപിനാഥ്, രജിഷ വിജയൻ, ഗായത്രി അരുൺ, ശ്രുതി രാമചന്ദ്രൻ, വൈഷ്ണവി സായ് കുമാർ, ധന്യ അനന്യ, മോഹനപ്രിയ, സിന്ധു വർമ്മ, സിദ്ധി ഫാത്തിമ, സീമ, കബനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
