കൊച്ചി: ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുക്കുന്ന ‘ദൃശ്യം 3’ന്റെ ചിത്രീകരണം പൂര്ത്തിയായി. പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ ജോർജ് കുട്ടിയുടേയും കുടുംബത്തിന്റേയും കഥയുടെ അടുത്ത അധ്യായമാണ് ഈ ചിത്രം. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ സെപ്റ്റംബർ 22നാണ് ആരംഭിച്ചത്.Mohanlal shines in Drishyam 3 packaging video
കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകൾ. ഡിസംബർ രണ്ടിന് കൊച്ചിയിലെ ഷൂട്ടിങ് പാക്കപ്പ് നടത്തി. റിലീസിന് മുമ്പുതന്നെ 350 കോടി രൂപയുടെ പ്രീ-ബിസിനസ് നേടി വൻ പ്രതീക്ഷ സൃഷ്ടിച്ച പ്രാദേശിക ചിത്രമെന്ന നേട്ടവും ‘ദൃശ്യം 3’ സ്വന്തമാക്കിയിട്ടുണ്ട്. പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ആഗോള തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
പാക്കപ്പ് വീഡിയോയിൽ ലാസ്റ്റ് ഷോട്ടിന് മുൻപായി മോഹൻലാൽ തമാശയായി “ജോർജുകുട്ടി ശെരിയാണോ? എല്ലാവരും പറയുമ്പോൾ ഒരു ഡൗട്ട്?” എന്ന് ചോദിക്കുന്ന ദൃശ്യം ശ്രദ്ധ നേടിയിരുന്നു. ഷൂട്ടിങ് പൂർത്തിയായതിന് ശേഷം മോഹൻലാൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും സംവിധായകൻ ജീത്തു ജോസഫിനെയും ആശ്ലേഷിക്കുകയും കേക്ക് മുറിച്ച് ആഘോഷിക്കയും ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2013 ഡിസംബർ 19ന് റിലീസ് ചെയ്ത ‘ദൃശ്യം’ മലയാളത്തിലെ ആദ്യ 50 കോടി ക്ലബ് എൻട്രി നേടിയ ചിത്രമായിരുന്നു; 75 കോടി രൂപയാണ് കളക്ഷൻ. 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെ എത്തിച്ച രണ്ടാം ഭാഗവും മികച്ച പ്രതികരണമാണ് നേടിയത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ എന്നിവർ മുൻഭാഗങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
