തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാഹുൽ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ ഓഫ് എമിഗ്രേഷനിൽ ഔദ്യോഗിക കത്ത് സമർപ്പിച്ചതുമുണ്ട്.Lookout notice issued against Rahul Mangkootatil
പാലക്കാട് ജില്ലയ്ക്കുള്ളില്‍ തന്നെയാണു രാഹുൽ ഒളിവില്‍ കഴിയുന്നതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. യുവതി മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
ഇന്ന് രാവിലെ ഏകദേശം ഏഴരയോടെ ഫോൺ വീണ്ടും ഓണായെങ്കിലും ഉടൻ തന്നെ ഓഫാകുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനുള്ള ‘ദൃശ്യം’ സിനിമയിലെ രീതിയിലുള്ള ശ്രമമായിരിക്കാമെന്ന സംശയവും പോലീസ് ഉന്നയിക്കുന്നു.
അതിജീവിതയുടെ പരാതിയെ കുറിച്ച് ഹൈക്കമാൻഡ് അടുത്തുനിന്ന് നിരീക്ഷണം തുടരുകയാണ്. തുടര്‍നടപടികൾ സ്വീകരിക്കുന്നതിനായി വിഷയം കെ.പി.സി.സിക്ക് വിട്ടേക്കുമെന്നാണ് അടുത്ത വിവരം.
